കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്.
പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ഇത് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് അന്ന് കിഫ്ബി സി.ഇ.ഒ. ആയിരുന്ന കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി സി.ഇ.ഒയെയും ഇ.ഡി. നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഏജന്‍സി (ആദായ നികുതി വകുപ്പ്) ഈ കേസിനെ കുറിച്ച് അന്വേഷിക്കുന്നതിനാല്‍ അവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു. ഈ നിലയിലാണ് ഇപ്പോള്‍ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.
ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.
إرسال تعليق