Join News @ Iritty Whats App Group

പരീക്ഷയ്ക്കിടെ ഉത്തര പേപ്പറിലേക്ക് കുരങ്ങൻ മൂത്രമൊഴിച്ചു; പരീക്ഷ വീണ്ടും എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി

പ്ലസ് വൺ പരീക്ഷയ്ക്കിടെ (Plus-one examination) കുരങ്ങൻ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടർന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും എഴുതാനനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാർഥിനി രംഗത്ത്. മലപ്പുറം എടയൂർ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഷിഫ്ല കെ.ടിയാണ് തീർത്തും വിചിത്രമായ പ്രശ്നം കാരണം പരീക്ഷയെഴുതാൻ കഴിയാതെ പോയത്. ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാൻ ഹയർ സെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 24ന് പ്ലസ് വൺ ബോട്ടണി പരീക്ഷക്കിടെയാണ് സംഭവം. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കുരങ്ങന്മാർ കയറുന്നത് പതിവാണ്. സുവോളജി പേപ്പർ എഴുതുന്നതിനിടെ പരീക്ഷാ ഹാളിൻ്റെ മുകളിലിരുന്ന കുരങ്ങ് മൂത്രമൊഴിച്ചു. ഷിഫ്ലയുടെ ഉത്തര പേപ്പറും ഹാൾടിക്കറ്റും അടക്കം എല്ലാം നനഞ്ഞു.

"ഞാൻ ഹാളിൽ ഏറ്റവും പിറകിലായിരുന്നു ഇരുന്നത്. ക്ലാസിലുണ്ടായിരുന്ന ടീച്ചർ മൊബൈലിൽ എന്തോ എടുക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളിൽ കുരങ്ങനെ കണ്ടത്. വളരെ പെട്ടെന്നായിരുന്നു അത് മൂത്രമൊഴിച്ചത്. എൻ്റെ ഉത്തരപേപ്പറും, ഹാൾടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. പിന്നെ ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോൾ ആദ്യം വേറെ ചോദ്യപേപ്പർ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാൻ പറഞ്ഞു. പിന്നെ പ്രിൻസിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പർ കിട്ടിയത് ഏറെ സമയം കഴിഞ്ഞാണ്.
ആകെ സമ്മർദത്തിലായതിനാൽ പരീക്ഷ വേണ്ട പോലെ എഴുതാനായില്ല," വിദ്യാർത്ഥിനി പറഞ്ഞു.

കുരങ്ങ് മൂത്രമൊഴിച്ചതിനെത്തുടർന്ന് അര മണിക്കൂർ നഷ്ടമായിട്ടും അധിക സമയം അനുവദിച്ചില്ല എന്ന് ഷിഫ്ല. "ഞാൻ ആകെ ടെൻഷനിലായി. ആദ്യം എഴുതിയത് മുഴുവൻ വീണ്ടും എഴുതേണ്ട അവസ്ഥ. പക്ഷേ സമയം അധികം തന്നതുമില്ല. ഇത്ര സമയമേ തരാൻ പറ്റൂ എന്ന നിലപാടിലായിരുന്നു ഇൻവിജിലേറ്റർ."

പരീക്ഷ തടസ്സപ്പെട്ടത് തൻ്റെ പിഴവ് കൊണ്ടല്ല, വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണം എന്നാണ് ഈ കുട്ടിയുടെ ആവശ്യം. എന്നാൽ പ്രിൻസിപ്പലിൻ്റെയടക്കം പ്രതികരണം സേ പരീക്ഷ എഴുതാം എന്നായിരുന്നുവെന്ന് ഷിഫ്‌ല.

"ഇക്കാര്യം പ്രിൻസിപ്പലിനോട് പറഞ്ഞപ്പോൾ അത്ര ഗൗരവത്തിലെടുത്തില്ല. ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതാൻ അവസരം ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. ക്ലാസിലുണ്ടായിരുന്ന ടീച്ചർ കുരങ്ങനെ ഓടിക്കാനൊന്നും നോക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇതുപോലെ സംഭവിക്കില്ലായിരുന്നു. എനിക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം ലഭിക്കണം. അതാണ് ആവശ്യം."

പരീക്ഷക്ക് ശേഷം പ്രശ്നം സ്കൂൾ പ്രിൻസിപ്പൽ അടക്കം ഉള്ളവരോട് ഉന്നയിച്ചു എങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്ന് ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാൻ. ഹയർ സെക്കൻഡറി ജില്ലാ ഡയറക്ടർക്കും സംസ്ഥാന ഡയറക്ടർക്കും ഇത് സംബന്ധിച്ച് പരാതി നൽകി എന്ന് ഹബീബ് റഹ്മാൻ പറഞ്ഞു.

"ഒരു തരത്തിലും സ്കൂൾ അധികൃതർ ഇത് വലിയ കാര്യമായി എടുത്തിട്ടില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും പരാതിയുമായി മുന്നോട്ടുപോയിട്ടും ഒന്ന് വിളിച്ച് ചോദിക്കാനും അന്വേഷിക്കാനും മാനേജ്മെന്റോ പ്രിൻസിപ്പലോ തയ്യാറായിട്ടില്ല എന്നതാണ് സങ്കടം."

ഇക്കാര്യത്തെ പറ്റി ഒന്നും പറയാൻ സൗകര്യപ്പെടില്ല എന്നായിരുന്നു സ്കൂൾ പ്രിൻസിപ്പലിൻ്റെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group