Join News @ Iritty Whats App Group

ആദ്യ കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്ക് അപകടം; ഭർത്താവിന്റെ മരണവാർത്ത അറിയാതെ ഭാര്യ


തൃശ്ശൂർ: ആദ്യ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുമ്പ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്. തൃശ്ശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ശരത്തിന്റെ ഭാര്യ നമിതയെ തലേന്ന് വൈകിട്ടാണ് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിൽ ഭാര്യയ്ക്ക് സമീപം എത്താനുള്ള കാത്തിരിപ്പിനിടയിലാണ് അപ്രതീക്ഷിതമായി മരണം ശരത്തിനെ തേടിയെത്തിയത്.
മൂന്ന് വർഷം മുമ്പാണ് ശരത്തും നമിതയും വിവാഹിതരാകുന്നത്. ആദ്യത്തെ കൺമണിയുടെ ജനനം പ്രതീക്ഷിച്ചിരുന്ന നമിതയെ കാത്തിരുന്നത് ഭർത്താവിന്റെ മരണവാർത്തയും. ശരത്തിന്റെ മരണ വാർത്തയറിയാതെയാണ് നമിത കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെ ആൺകുഞ്ഞാണ് നമിതയ്ക്കും ശരത്തിനും പിറന്നത്. എന്നാൽ മകൻ ഭൂമിയിലേക്ക് വരുന്നത് കത്തു നിൽക്കാതെ ശരത് യാത്രയായി.
ശരത്തിന്റെ മരണവാർത്ത നമിതയെ അറിയിക്കാനാകാത്ത അവസ്ഥയിലായിരുന്നു വീട്ടുകാർ. പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിരുന്നില്ല.

ശരത്തിന് അപകടം സംഭവിക്കുന്നതിന്റെ തലേദിവസമാണ് നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരത്തിന്റെ അമ്മയും അച്ഛനുമായിരുന്നു നമിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. രാവിലെ ആശുപത്രിയിലെത്താമെന്നാണ് ശരത്ത് പറഞ്ഞിരുന്നത്. പഴഞ്ഞ ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്ന ശരത്ത് രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.

നിർമാണം നടക്കുന്ന റോഡിൽ മെറ്റലിട്ട ഭാഗത്ത് നിയന്ത്രണം വിട്ട് ബൈക്ക് വീഴുകയായിരുന്നു. സമീപത്തെ മതിലിൽ ഇടിച്ചു വീണ ശരത്തിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം പ്രസവ നോവനുഭവിച്ച് നമിത ആശുപത്രിയിലായിരുന്നു. ഉച്ചയോടെയാണ് നമിത കുഞ്ഞിന് ജന്മം നൽകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group