ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും ഒരു ഗൃഹനാഥന് കൂടി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏറ്റവും ദൗര്‍ഭാഗ്യകരവും ദുഃഖകരവുമായ സംഭവമാണെന്നും മൃഗങ്ങളുടെ വിലപോലും മനുഷ്യര്‍ക്ക് ലഭിക്കാത്ത സാഹചര്യം പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്നും തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ആറളം ഫാമിലെ ഏഴാം ബ്ലോക്കില്‍ കാട്ടാന കൊലപ്പെടുത്തിയ പുതുശേരി ദാമുവിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളാണ് ഇവിടെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇത് കടുത്ത അവഗണനയാണ്. പുനരധിവാസം നടപ്പാക്കുന്നതിനുമുന്‍പ് സ്ഥലം സുരക്ഷിതമാക്കേണ്ടതായിരുന്നു. ഫാമില്‍ പത്താമത്തെയാളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്.
ആനമതില്‍ പണിയാന്‍ മന്ത്രിമാരും സര്‍ക്കാരും തീരുമാനമെടുത്തങ്കിലും ഏതാനും ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നത്. ഇത് അങ്ങേയറ്റം ഗൗരവമായി കാണണം. ആനമതില്‍ പദ്ധതി അട്ടിമറിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കുകയും വേണം. ആദിവാസിസമൂഹത്തിന് മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും ഭരണവര്‍ഗം നല്‍കുന്നില്ല എന്നത് അതീവ ഗൗരവത്തിലെടുക്കണം. ഇവരുടെ രോദനം സര്‍ക്കാര്‍ കേള്‍ക്കണം. ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി എത്രയും വേഗം തിരുത്തിച്ച് ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കുന്നതിന് ഭരണകൂടം വഴിയൊരുക്കണം. ഇനിയൊരു അനിഷ്ടസംഭവം കൂടി ഉണ്ടാകാന്‍ പാടില്ല. കുടുംബാംഗങ്ങളുടെ പോരാട്ടത്തില്‍ താനും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് ആര്‍ച്ച്ബിഷപ് മടങ്ങിയത്.
ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, സ്പെഷല്‍ ഒളിമ്ബിക്സ് സ്റ്റേറ്റ് ഡയറക്ടര്‍ ഫാ. റോയ് കണ്ണംചിറ, ദീപിക മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫാ. അനൂപ് ചിറ്റേട്ട്, അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ജിബിന്‍ വട്ടുകുളം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം വി.ശോഭ എന്നിവരും ഒപ്പമുണ്ടായിരുന്നു.
إرسال تعليق