പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂര്‍വം സ്പര്‍ശിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ കായിക അധ്യാപകനായ വാല്‍പാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അധ്യാപകന്റെ മോശം പ്രവര്‍ത്തി കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ ഉപരോധിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പാണ് പ്രഭാകരന്‍ സുഗുണപുരം സ്കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് മടക്കി അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി.
കോയമ്പത്തൂര്‍ ഡിസിപി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും രക്ഷിതാക്കള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് രക്ഷിതാക്കള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി.
പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്‌പെൻഡ് ചെയ്‌തു. ഇതോടെയാണ് മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.
إرسال تعليق