തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും മഹാരാഷ്ട്രാ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റുകൾ കനക്കാൻ കാരണം. രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീണ്ടും ന്യൂന മർദ്ദം
ഒഡീഷയ്ക്ക് മുകളിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സീസണിലെ മൂന്നാമത്തെയും കഴിഞ്ഞ 5 ദിവസത്തിനിടയിലെ രണ്ടാമത്തെയും ന്യൂനമർദ്ദമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
إرسال تعليق