Join News @ Iritty Whats App Group

'പിണറായി ക്ഷമ നശിപ്പിക്കുന്നു, മിണ്ടാപ്രാണിക്കളി തുടരുന്നു'; രൂക്ഷവിമർശനവുമായി കാന്തപുരം സുന്നിവിഭാഗം നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സുന്നി വിഭാഗം നേതാവും പ്രഭാഷകനുമായ വടശ്ശേരി ഹസൻ മുസ്ല്യാർ. ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ കടുത്ത വിമർശനം ഉയർത്തിയത്. പിണറായി സർക്കാരിന്റെ രണ്ടാം വരവ് എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും തകിടം മറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും ആകാശ കൊലപാതകശ്രമ പ്രതിരോധവും അറസ്റ്റ് നാടകങ്ങളും 'വിധി, വിധവ' പ്രയോഗങ്ങളും ഓലപ്പടക്ക ബോംബുമെല്ലാം സദുദ്ധേശ്യത്തോടെയല്ലന്ന് ഏതാണ്ടുറപ്പാവുകയാണെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

പിണറായി ക്ഷമ നശിപ്പിക്കുന്നു
----
പിണറായി ഗവൺമെന്റിന്റെ രണ്ടാം വരവ് എല്ലാ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തകിടം മറിക്കുകയാണ്. വികസന തുടർച്ചക്ക് തുടർ ഭരണം തുണയാകുമെന്ന ധാരണ തിരുത്തേണ്ടിവരുമെന്ന് കൂടുതൽ ഉറപ്പാവുകയാണ്. വിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ മറ്റേതോ വഴിക്ക് തിരിച്ചു വിടുകയാണ് ഗവൺമെന്റ്. ആകാശ കൊലപാതകശ്രമ പ്രതിരോധവും അറസ്റ്റ് നാടകങ്ങളും "വിധി, വിധവ" പ്രയോഗങ്ങളും ഓലപ്പടക്ക ബോംബുമെല്ലാം സദുദ്ധേശ്യത്തോടെയല്ലന്ന് ഏതാണ്ടുറപ്പാവുകയാണ്.

ഇരയോടല്ല, മറിച്ച് പിണറായി ഗവൺമെന്റിന് പ്രതിബദ്ധത വേട്ടക്കാരനോടാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിക്കാനുള്ള തിടുക്കം ഇതിന്റെ തെളിവാണ്. സംസ്ഥാനത്തെ തലമുതിർന്ന പത്രപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസിൽ പ്രതിയാണ് വെങ്കിട്ടരാമൻ.

എഴുത്തുകാരനും ഗവേഷകനും മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ജേതാവുമായിരുന്ന ജേക്കബ് തോമസ് ഐ എ എസിനെ പിണ്ഡം വെച്ച് പടിയടച്ച മുഖ്യനാണ് ശ്രീ പിണറായി. മനുഷ്യനെ കൊന്നതിനല്ല മറിച്ച് ഓഖി ദുരന്ത കാലത്ത് സർക്കാറിന്റെ പിടിപ്പുകേട് ചൂണ്ടികാട്ടിയതിനായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്പെന്റ്. രണ്ടമത്തേത് "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന ആത്മകഥയുടെ പേരിലും. രണ്ട് വർഷ കാലത്തെ നിയമ പോരാട്ടത്തിന് ശേഷം സർവ്വീസിൽ തിരിച്ചെത്തിയ ജേക്കബ് തോമസിനെ താരതമ്യേനെ താഴ്ന്ന പോസ്റ്റിൽ തിരുകി അവഗണിക്കാനും ഗവൺമെന്റ് തയ്യാറായി.

ഒരു പാവം പത്രപ്രവർത്തകനെ മദ്യപിച്ച് തെമ്മാടിത്തരത്തിൽ കൊലപ്പെടുത്തിയവനെ ആറ് മാസത്തിനപ്പുറം പുറത്ത് നിർത്താൻ പിണറായിയുടെ കൃപ സമ്മതിച്ചില്ല. ആരോഗ്യ രംഗത്തെ ഉയർന്ന പദവിയിലൂടെ പിടിച്ചുയർത്തിയ ടിയാനെ ജില്ലാ കലക്ടറാക്കിയിരിക്കുകയാണിപ്പോൾ. ദയാദാക്ഷിണ്യമുളളവരെല്ലാം ഈ ഹീനശ്രമത്തെ ശക്തമായി എതിർത്തിട്ടും മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രി.

Post a Comment

أحدث أقدم
Join Our Whats App Group