ഓണം ബമ്പർ വിപണിയിലെത്തി കഴിഞ്ഞു. കാരുണ്യ, അക്ഷയ എന്നിവ പോലുള്ള കുഞ്ഞ് ലോട്ടറികൾ സ്വന്തമായി വാങ്ങിയാലും ബമ്പർ ലോട്ടറികളെല്ലാം ‘ഷെയറിട്ട്’ വാങ്ങുന്ന പ്രവണ ഓഫിസുകളിലും സുഹൃത്തുക്കൾക്കിടയിലും കണ്ടുവരുന്നുണ്ട്. അങ്ങനെ ലോട്ടറി വാങ്ങാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
إرسال تعليق