പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി ഹേമലത പറഞ്ഞു. സംസ്‌കരിച്ചിരുന്നെങ്കിലും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ജൂണ്‍ 29നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുൻകരുതലായാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവം വൈകിയതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ഇവര്‍ ആരോപിച്ചു.
إرسال تعليق