തിരുവനന്തപുരം: ബക്രിദിന് സംസ്ഥാനത്ത് അവധി നല്‍കാത്ത നടപടി ക്രൂരമാണെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ ടി.വി ഇബ്രാഹിം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും കൊണ്ടോട്ടി എം.എല്‍.എ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോടനുബന്ധിച്ച് ഒരു ദിവസം പോലും അവധി നല്‍കാത്ത നടപടി ക്രൂരമാമെന്നും ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി തികച്ചും ന്യായമായ ആവശ്യമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരമായ നടപടി.
മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഒരു ദിവസം പോലും പൊതു അവധി നല്‍കാത്ത നടപടി ക്രൂരവും പ്രതിഷേധാര്‍ഹവും ആണ്.
മുസ്‌ലിം സംഘടനകള്‍ പെരുന്നാളിന് മൂന്ന് ദിവസം അവധി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി തികച്ചും ന്യായമായ ആവശ്യമായിരുന്നു.
പെരുന്നാള്‍ ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഞായറാഴ്ച തന്നെ സ്ഥാപനങ്ങളിലേക്ക് തിരിച്ച് പോകേണ്ടി വന്നിരിക്കുകയാണ്. ഇത് മുന്നില്‍കണ്ട് ഒരാഴ്ച മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ സംയുക്തമായും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയുണ്ടായി.
വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പെരുന്നാള്‍ പ്രമാണിച്ച് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭക്ക് അവധി നല്‍കിയെങ്കിലും സംസ്ഥാനത്ത് പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നത് തികച്ചും അന്യായമായ നടപടിയായി പോയി.
ഓണത്തിനും ക്രിസ്തുമസിനും പരീക്ഷയോടനുബന്ധിച്ചാണെങ്കിലും സ്‌കൂളുകള്‍ക്ക് പത്ത് ദിവസം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം അവധി ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്ത ഭരണാധികാരികളാണ് ഇവിടെയുള്ളത് എന്ന കാര്യത്തില്‍ ഏറെ ദുഃഖവും പ്രതിഷേധവും തോന്നുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും
إرسال تعليق