സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയിലെ കളക്ടറാക്കിയ നടപടിക്ക് എതിരെ കേരള മുസ്‌ലിം ജമാഅത്ത് ആലപ്പുഴ ജില്ല കമ്മിറ്റി. സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഒരു വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ പെരുമാറ്റം. സത്യസന്ധതയോടെയും നീതിപൂര്‍വ്വമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്ന നടപടിയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.
ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് മാറ്റണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടന്നത്. നിലവില്‍ ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണു രാജ് എറണാകുളം കളക്ടറാകും.
إرسال تعليق