തിരുവനന്തപുരം: ശ്രവണ വൈകല്യവും ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും നൽകാൻ തീരുമാനം. എസ്എസ്എൽസി പരീക്ഷ ജയിക്കാൻ ഓരോ വിഷയത്തിനും നൽകുന്ന ഗ്രേസ് മാർക്കാണ് ഭിന്നശേഷി നേരിടുന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകാൻ തീരുമാനിച്ചത്. 25 ശതമാനം ഗ്രേസ് മാർക്കാണ് ഓരോ വിഷയത്തിനും ലഭിക്കുക.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ആർ.പി.ഡബ്ല്യു.ഡി. ആക്ട് (RPWD ACT) 2016 ന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പുതിയ തീരുമാനം അനുസരിച്ച് 21 തരം വൈകല്യങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ടാകും. ഗ്രേസ് മാർക്കും എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അനുവദിക്കണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ഏറെ ആശ്വാസം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
إرسال تعليق