ചാവശേരി: പത്തൊമ്പതാം മൈലിൽ വീട്ടിനുള്ളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
പൊട്ടിയ സ്റ്റീൽ ബോംബിന്റെ ചീളുകളും പോലീസിന് ലഭിച്ചു. പത്തൊൻമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നവർ താമസിക്കുന്ന വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹിദുൾ (22) എന്നിവരാണ് മരിച്ചത്.
എല്ലാ ദിവസവും രാവിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് സൈക്കിളിൽ വലിയ ചാക്കുകളുമായി ഇറങ്ങുന്ന സംഘം വൈകുന്നേരത്തോടെ വീട്ടിലെത്തി വേർതിരിച്ച് വിൽക്കുന്നവരായിരുന്നു മരിച്ചത്.
റോഡരികിൽ നിന്നു പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീൽ ബോംബെന്നാണ് പോലീസിന്റെ നിഗമനം.
നല്ല തിളക്കത്തിലുള്ളതും ഭാരമുള്ളതുമായ ഈ സാധനം ബോംബാണെന്ന് അറിയാതെ പണമോ സ്വർണമോ ഉള്ള നിധിയാണെന്ന് വിചാരിച്ചായിരിക്കും വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
വൈകുന്നേരം ആറോടെ വീട്ടിലെത്തിയ ഇവർ കൂടെ താമസിക്കുന്നവർ കാണാതെ ഇരുവരും അവർക്ക് ലഭിച്ച പാത്രം തുറന്നു നോക്കാൻ വീടിന്റെ രണ്ടാം നിലയിൽ അവരുടെ കിടപ്പുമുറിയിൽ എത്തിച്ച് തുറന്നു നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവസ്ഥലത്ത് വച്ചു തന്നെ ഫസൽ ഹഖ് മരിച്ചിരുന്നു. ഷഹിദുൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഫസൽ ഹഖിന്റെ ശരീരത്തിലാകെ പരിക്കുകളായിരുന്നു.
ഷഹിദുളിന്റെ വലത് കൈപ്പത്തി ചിതറി തെറിച്ചിരുന്നു. ബോംബ് കൈയിൽ നിന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം.
പത്തൊമ്പതാംമൈൽ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലാണ് സ്ഫോടനം നടന്നത്.
ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വീടിന്റെ വരാന്തയിലും കാണപ്പെടുകയായിരുന്നു.
ഉടൻ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്.
വീടുകളിൽ നിന്നും മറ്റും ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മാസങ്ങളായി ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
അഞ്ച് പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്ഫോടനം നടക്കുമ്പോൾ മരിച്ചവർക്ക് പുറമെ താഴെ നിലയിൽ രണ്ടു പേർ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോൾ ഇവർക്ക് എവിടെ നിന്നാണ് ബോംബ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
സ്ഫോടനത്തിൽ ഇരുവരും മരിച്ചതിനാൽ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഇവർ മാലിന്യം ശേഖരിച്ച വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കൂടെ താമസിച്ചവരിൽ നിന്നു പോലീസ് ചോദിച്ചറിയുകയാണ്. ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ ചീളുകൾ കണ്ടെത്തി. രണ്ടു ബോംബുകൾ പൊട്ടിയോയെന്നും പോലീസിന് സംശയമുണ്ട്.
വിശദമായി അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ തെളിവ് ലഭിക്കുകയുള്ളു. ഇന്നലെ രാത്രി 11 ഓടെ മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വീട്ടിൽ നിന്നു പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടു നൽകും. മൃതദേഹം അസമിലേക്ക് കൊണ്ടു പോകുമെന്നാണ് വിവരം.
സംഭവം അറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ. ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ സിഐ. എം.കൃഷ്ണൻ, എസ്ഐ കെ.വി.ഉമേഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
إرسال تعليق