ആലപ്പുഴ∙ ബൈപാസിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മംഗലാപുരം യെനപോയ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പിൽ അബ്ദുൾ ഹക്കീമിന്റെ മകളുമായ എ.ഫൗസിയ (21) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഫൗസിയയുടെ ബന്ധു കൂടിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ഫായിസ് നിവാസിൽ ബഷീറിന്റെ മകൻ ബി.ഫായിസ് അഹമ്മദ് (21) പരുക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു സംഭവം.
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഫൗസിയ, ഫായിസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ബൈപാസിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിനു മൊഴി നൽകി. നിയന്ത്രണം വിട്ട സ്കൂട്ടർ ബൈപാസിന്റെ കൈവരിയിൽ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ബൈപാസ് ബീക്കൺ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. ഫൗസിയ ആശുപത്രിയിലെത്തുന്നതിനു മുൻപ് മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് തൃക്കുന്നപ്പുഴ മസ്ജിദ് തൗഫിഖിൽ കബറടക്കി. പിതാവ് ബഷീർ വിദേശത്താണ്. മാതാവ് നസിയത്ത്. സഹോദരി നൗഫിയ.
إرسال تعليق