Join News @ Iritty Whats App Group

മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ അനാവശ്യമായി റഫർ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫർ ചെയ്യുമ്പോൾ റഫറൽ മാദമണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം. അനാവശ്യ റഫറലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ എന്നും വീണ ജോ‍ർജ് പറഞ്ഞു. ഒരു രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളേജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണം. ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാകണം റഫര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നല്‍കിയ ചികിത്സയും റഫര്‍ ചെയ്യാനുള്ള കാരണവും അതില്‍ വ്യക്തമാക്കിയിരിക്കണമെന്നും മന്ത്രി നി‍ദേശിച്ചു. മാസത്തിലൊരിക്കല്‍ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആശുപത്രിയിലും എത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്‍ധ ചികിത്സ ഉറപ്പാക്കണമെന്നും വീണ ജോർജ് പറഞ്ഞു.

നിലവില്‍ താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നത് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു. വിദഗ്‍ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികള്‍ അധികമായി എത്തുന്നത് മെഡിക്കല്‍ കോളേജുകളുടെ താളം തെറ്റിക്കുമെന്നും മന്ത്രി പറഞ്ഞു. 

റഫറല്‍ സംവിധാനം ശക്തമാക്കുന്നതോടെ രോഗികള്‍ക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് വിദഗ്‍‍ധ ചികിത്സ ലഭ്യമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി പറ‌ഞ്ഞു. മെഡിക്കല്‍ കോളേജുകളിലെത്തുന്ന വിദഗ്‍ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി പരിചരിക്കാൻ ഇതിലൂടെ കഴിയും. മാത്രമല്ല മെഡിക്കല്‍ കോളേജുകള്‍ക്ക് ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനും കഴിയുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group