വയനാട് ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍. അസം സ്വദേശികളായ നാല് പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പുല്‍പള്ളി, നൂല്‍പുഴ തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ച് വീടുകളില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു.
പകല്‍സമയത്ത് ആള്‍താമസം ഇല്ലാത്ത വീടുകള്‍ കണ്ടുവെച്ച് കവര്‍ച്ച നടത്തുക. മോഷണ പരമ്പരയ്ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുക. പൊലീസിനെ കറക്കിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വയനാട് പുല്‍പള്ളി, നൂല്‍പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ മോഷണ പരമ്പര അരങ്ങേറിയത്.
അഞ്ച് വീടുകളിൽ നിന്ന് 50 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. സിവിടിവി ദൃശ്യങ്ങളും സൈബര്‍സെല്‍ നല്‍കിയ വിവരങ്ങളും കേന്ദ്രീകരിച്ച് ബത്തേരി പൊലീസ് പ്രതികള്‍ക്കായി വലവിരിച്ചു. അസം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നാല് പേരടങ്ങുന്ന കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.
അസം സ്വദേശികളായ ദുലാല്‍അലി, ഇനാമുല്‍ഹഖ്, നൂര്‍ജമാല്‍അലി, മൊഹിജുല്‍ഇസ്ലാം എന്നിവരാണ് പ്രതികള്‍. നാല് പേരെയും മോഷണ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
إرسال تعليق