കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമർശത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.
നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും' ശ്രീലേഖ ഐപിഎസ് പറയുന്നു.
إرسال تعليق