Join News @ Iritty Whats App Group

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

കണ്ണൂര്‍; തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ വച്ചെടുത്ത കമിതാക്കളുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ദൃശ്യം അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. 

പാര്‍ക്കില്‍വച്ച് കമിതാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോണ്‍ സൈറ്റുകളില്‍ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന് മുന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.പാര്‍ക്കിന്റെ സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ചാണ് പ്രതികള്‍ ദൃശ്യം ചിത്രീകരിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 

പാര്‍ക്കില്‍ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. പാര്‍ക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്. ഇവര്‍ പിന്നീട് ഇത് പലര്‍ക്കും കൈമാറിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും.

അതേസമയം, ഏത് ഐ.പി അഡ്രസ് വഴിയാണ് ഈ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലെത്തിയെന്നത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ലോക്കല്‍ പോലീസിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിര്‍ദേശമാണ് പോലീസും മുന്നോട്ടുവയ്ക്കുന്നത്.മിക്ക പോണ്‍ സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്. അതിനാല്‍ കേസന്വേഷണം സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തില്‍ മാത്രം നില്‍ക്കില്ലെന്നും കേന്ദ്രവുമായി ആശയവിനിമയം വേണ്ടിവരുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എന്‍. വിനയകുമാരന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group