കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയൂർ മാർത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജൻസിക്കെതിരെ രംഗത്ത് വന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്.
കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചുവെന്നും ഏജൻസിക്കാരുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തൽ.
സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അഞ്ച് പേർക്കും ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയെ അംഗങ്ങൾ ആരൊക്കെയാണെന്ന് ഇന്ന് അറിയാം. എൻ ടി എ ഇന്ന് സമിതി അംഗങ്ങളുടെ പേര് പുറത്തുവിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം സമിതിയിലുണ്ടെന്നാണ് സൂചന. എൻ ടി എ യിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. സമിതി അംഗങ്ങൾ രണ്ട് ദിവസത്തിനകം കേരളത്തിൽ എത്തുമെന്നാണ് വിവരം.
إرسال تعليق