കാസർഗോഡ്: മുൻ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ വീട്ടുപറമ്പിൽ നിന്നും ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. മോഷണം പോയ ചന്ദനത്തടി മോഷ്ടാക്കളുടെ വാടക വീട്ടിൽ നിന്നും ബേക്കൽ പൊലീസ് കണ്ടെടുത്തു.
പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ് 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.50 നായിരുന്നു സംഭവം. ശക്തമായ മഴയായതിനാൽ മരംമുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന് ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന് കെ കുഞ്ഞിരാമൻ പറഞ്ഞു. ബേക്കൽ എസ് ഐ എം.രജനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വീട്ടിലുള്ള സിസിടിവിയിൽ പതിഞ്ഞ മോഷണസംഘത്തിന്റെ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുലർച്ചെ നാലുപേർ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. നാലുവർഷം മുൻപും വീട്ടുപറമ്പിൽനിന്ന് ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നു.
إرسال تعليق