ശ്രീകണ്ഠപുരം : വാഹനാപകടത്തില്‍ മരിച്ച നഴ്‌സിന്റെ സുഹൃത്തെന്ന് പറഞ്ഞ് മരണവീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്നു.
യുവതി പോലീസിന്റെ പിടിയിലായെങ്കിലും നഴ്സിന്റെ ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയച്ചു.തളിപ്പറമ്ബ് കുറ്റിക്കോലില്‍ കഴിഞ്ഞ 29-ന് വൈകീട്ട് സ്വകാര്യ ബസ് മറിഞ്ഞ് മരിച്ച കണ്ണൂര്‍ മിംസ് ആസ്പത്രിയിലെ നഴ്സും നെല്ലിക്കുറ്റി ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യയുമായ ജോബിയ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. മരിച്ചദിവസം വീട്ടിലെത്തിയ യുവതി ഏറെ സമയം ജോബിയയുടെ രണ്ടുവയസ്സുള്ള മകന്‍ എയ്ബലിനെ എടുത്തു നടക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ബന്ധുവായ സ്ത്രീ ഏറ്റുവാങ്ങി. ഈസമയം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്തഴിഞ്ഞനിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല. മൃതദേഹം അടക്കം ചെയ്ത പിറ്റേദിവസവും യുവതി വീട്ടിലെത്തി. അന്നും കുഞ്ഞിനെ ഏറെസമയം എടുത്തുനടക്കുകയും വൈകീട്ട് തിരിച്ചുപോവുകയും ചെയ്തു.
പിന്നീടാണ് കുഞ്ഞിന്റെ ഒന്നരപ്പവന്റെ അരഞ്ഞാണം കാണാനില്ലെന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞദിവസം യുവതി വന്നപ്പോള്‍ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്ത് ഊരിയനിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടന്ന കാര്യം ബന്ധുവായ സ്ത്രീ വെളിപ്പെടുത്തിയതോടെ സംശയം തോന്നിയ വീട്ടുകാര്‍ കുടിയാന്‍മല പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കരുവഞ്ചാല്‍ സ്വദേശിയായ 22 -കാരി പിടിയിലായത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ജോബിയ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന വീട്ടുകാര്‍ മോഷണം നടത്തിയ യുവതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറായി. യുവതി അരഞ്ഞാണം തളിപ്പറമ്ബിലെ ഒരു ജൂവലറിയിലായിരുന്നു വിറ്റത്. അവര്‍ അരഞ്ഞാണം ഉരുക്കിയതിനാല്‍ പകരം മറ്റൊരു അരഞ്ഞാണം നല്‍കി. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചു.
إرسال تعليق