എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കുന്ന സംഘം വിപുലപെടുത്തി. ആക്രമണം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വിപുലപെടുത്തിയിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചും ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുമാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്ത് ഡിയോ സ്‌കൂട്ടറുള്ളവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു. സ്‌കൂട്ടറിന്റെ ഉടമകളെ കണ്ടെത്തുന്നതിന് മാത്രമായി 15 അംഗം സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍മാരും, എസ്‌ഐമാരും ഉള്‍പ്പെടുന്നതാണ് സംഘം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സി ഡാക്കിലെ പരിശോധയില്‍ നിന്നും ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂട്ടര്‍ ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു മാരകമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം നടക്കുകയാണ് പ്രതിയെ പിടകൂടാന്‍ സമയമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ജൂണ്‍ 30ന് രാത്രി 11.30നാണ് എകെജി സെന്ററില്‍ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് കൈയിലുണ്ടായിരുന്നു സ്‌ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് സ്‌ഫോടകവസ്തു പതിച്ചത്
إرسال تعليق