കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ തെരുവുനായയ്ക്ക് ദിവസങ്ങൾ ഭക്ഷണമെത്തിച്ച് നൽകി രക്ഷകയായി വീട്ടമ്മ.
കൊടുവള്ളിവാവാട് പ്രദേശത്താണ് നായ കിണറ്റിൽ വിണത്. കിണറിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിജീവനത്തിനുള്ള ഭക്ഷണം എത്തിച്ച് നൽകി മാതൃകയായത് വാവാട് കുന്നുമ്മൽ സഫീസയാണ്.
വാവാട് കുന്നുമ്മൽ അബ്ദുറഹിമാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് നായ വീണത്. നായയുടെ തുടർച്ചയായുള്ള കരച്ചിൽ കേട്ടാണ് നഫീസ കിണറ്റിനടുത്തെത്തിയത്. പിന്നീട് നഫീസ ഭക്ഷണം കൊട്ടയിലാക്കി കയറിൽ കെട്ടിയിറക്കി നൽകിയാണ് നായയുടെ ജീവൻ നിലനിർത്തിയത്.
നഫീസയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും അവരും കയ്യൊഴിഞ്ഞെന്നാണ് നാട്ടുകാരുടെ പരാതി.
സമൂഹമാധ്യമം വഴി ആറാം ദിവസം വിവരമറിഞ്ഞ ഇൻസെറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ സ്ഥലത്തെത്തിയാണ് നായയെ സാഹസികമായി പുറത്തെത്തിച്ചത്.
കിണറ്റിൽ കഴിഞ്ഞ ആറു ദിവസങ്ങളും മുടങ്ങാതെ നഫീസ തെരുവുനായയ്ക്ക് ഭക്ഷണമെത്തിച്ച് നൽകുകയായിരുന്നു. സഹജീവിയോട് നഫീസ കാണിച്ച കരുണ ഏറെ ശ്രദ്ധേയമായി. വേനൽക്കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോൾ മാത്രം കുടിവെളളത്തിനായി ഉപയോഗിച്ചുവരുന്ന കിണറാണിത്. അല്ലാത്തപ്പോൾ കിണറിനടുത്തേക്ക് അധികമാരും പോകാറില്ലായിരുന്നു. നഫീസയുടെ ശ്രദ്ധയിൽപ്പെട്ടതാണ് തെരുവുനായയ്ക്ക് പുനർജന്മം ലഭിക്കുന്നത്.
വാവാട് കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യയും അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകനായിരുന്ന വാവാട് കുരിയാണിക്കൽ പവീർകുട്ടി വൈദ്യരുടെ പേരമകളുമാണ് നഫീസ.
إرسال تعليق