ദില്ലി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ദുഃഖത്തിനൊപ്പം പങ്കുചേർന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമടക്കമുള്ള പ്രമുഖരെല്ലാം ദുഃഖം പങ്കുവച്ച് രംഗത്തെത്തി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍ അതീവ ദുഃഖമെന്നും മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹമെന്നും ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി കുറിച്ചു. ഷിൻസോ ആബെയുടെ നടുക്കുന്ന സംഭവമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. വർഷങ്ങളായി ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നെന്നും ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്താൻ ആബേ നിർണായക പങ്കു വഹിച്ചിരുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു.
ഷിൻസോ ആബെ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രതികരണം. മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ആബെയെന്നും, ഇടപെടലുകൾ ലോകമെമ്പാടും അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അത്രയും പ്രിയപ്പെട്ടരാൾ ഒരു കൊലയാളിയുടെ വെടിയുണ്ടയ്ക്ക് ഇരയായി എന്നത് മനുഷ്യരാശിയെ സംബന്ധിച്ചടുത്തോളം വലിയ ദുരന്തമാണെന്നും പറഞ്ഞ രാഷ്ട്രപതി, ആബെയുടെ കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കുമമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി.
ഷിൻസോ ആബെയ്‌ക്കെതിരായ ആക്രമണത്തിന്‍റെ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ-ജാപ്പനീസ് ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ കുറിച്ചു. ഷിൻസോ ആബേയോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിൽ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق