ഇരിട്ടി: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ ഭീതിയിലായി ഇരിട്ടിയുടെ മലയോര മേഖല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേഖലയിലെ ചെങ്കൽ - കരിങ്കൽ ക്വറികളുടെ പ്രവർത്തനം 10 ദിവസം നിർത്തി വെക്കാൻ ഉത്തരവിട്ട് നിർത്തിവെപ്പിച്ചെങ്കിലും നിരവധി ക്വാറികൾ പ്രവർത്തിച്ചു വന്നിരുന്ന മലയോരം കടുത്ത ഭീതിയിലാണ്. അണമുറയാതെ പെയ്യുന്ന മഴമൂലം മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
കാലാകാലങ്ങളായി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, വാളത്തോട്, എടപ്പുഴ, പാറയ്ക്കാപ്പാറ, അങ്ങാടിക്കടവ് മേഖലകളിലും, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, കോളിത്തട്ട്, അറബി, കാലങ്കി മേഖലകളിലും കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത്. കുടക് ജില്ലയിൽ വീരാജ്‌പേട്ട താലൂക്കിലും ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിലും കനത്ത മഴ തുടരുകയാണ്. വനമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ബാവലി, ബാരപോൾ പുഴകളിൽ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്.
റവന്യു വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മേഖലകളിൽ നിരീക്ഷണവും പരിശോധനയും നടത്തിവരുന്നുണ്ട്. ക്വാറികളിൽ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. അയ്യൻകുന്നിലെ വണിയപ്പാറ മേഖലകളിൽ ക്വാറികളിൽ നിറഞ്ഞു നില്ക്കുന്ന വെള്ളവും മണ്ണിടിച്ചൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ക്വാറികളിൽ മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ വെള്ളം ഒഴുക്കിക്കളഞ്ഞ് നിരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും അയ്യൻകുന്നിൽ നാലോളം സ്ഥലങ്ങളിലാണ് വലിയ മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടായത്. ഈ അനുഭവങ്ങൾ വെച്ചുകൊണ്ടുള്ള പ്രവർത്തനമാണ് മേഖലകളിൽ നടക്കുന്നത്. ഉളിക്കൽ പഞ്ചായത്തിലെ അറബി, കോളിത്തട്, മാട്ടറ, പേരട്ട ഭാഗങ്ങളിലും സമാന സാഹചര്യം ഉണ്ടായതിനാൽ ഇവിടങ്ങളെല്ലാം റവന്യു സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഏതു നേരവും മൂടിക്കെട്ടിയ അന്തരീക്ഷവും തുടർച്ചയായ മഴയും മണ്ണിടിച്ചലിനും ഉരുൾപെട്ടിനുമുള്ള സാധ്യത കൂട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിലേക്കുള്ള യാത്രകളും മറ്റ് പ്രവർത്തനങ്ങളും പരമാവധി ഒഴിവാക്കുകയാണ് പലരും. തുടർച്ചയായ മഴ ജനജീവിതത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടു ദിവസമായി ഇരിട്ടി ഉൾപ്പെടെ മലയോരത്ത പ്രധാന ടൗണുകളിൽ ജനങ്ങൾ ഇറങ്ങാത്ത അവസ്ഥയാണ്. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയാണ്. പ്രധാന പുഴകളിലേക്ക് ഒഴുകിയെത്തുന്ന ചെറു തോടുകളും അരുവികളും കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതും വെള്ളപൊക്ക ഭീഷണി ഉയർത്തുന്നുണ്ട്.
إرسال تعليق