Join News @ Iritty Whats App Group

പുതിയ കാരവാനുമായി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ, നിയമലംഘനമുണ്ടെങ്കിൽ വീണ്ടും പിടികൂടുമെന്ന് ആർടിഒ

കണ്ണൂർ: നിരത്തിലെ ചട്ടലംഘനത്തിന്‍റെ പേരിൽ ഏറ്റവുമധികം വിവാദത്തിലായ വണ്ടിയായിരുന്നു ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാൻ. ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫീസിലാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വിവാദം സൃഷ്ടിച്ച വണ്ടിയുള്ളത്. ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതെ വന്നതോടെ പുതിയൊരു കാരവാൻ ഇവർ വാങ്ങിയിരുന്നു. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ പദ്ധതിയെങ്കിൽ ആ ആ വണ്ടിയും പിടിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. 

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനും. കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും  റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചിരുന്നു. 

എന്നാൽ നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയൻ എന്ന വാൻ ആർടിഒയുടെ കണ്ണിൽപ്പെട്ടതോടെ കളി മാറി.  വാഹനത്തിൻ്റെ നിറം രൂപം എന്നിവ മാറ്റിയും ടാക്സ് പൂർണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും ഇവർ നിയമ ലംഘനം നടത്തിയതായി ആർടിഒ കണ്ടെത്തി. രൂപമാറ്റം വരുത്തി വാൻ  മാസങ്ങളോളം ചട്ടങ്ങൾക്ക് വിരുദ്ധമായി റോഡിലൂടെ ഓടിയെങ്കിലും ഒടുവിൽ മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.

വാൻ ആർടിഒ കസ്റ്റഡിയിലായതിന് പിന്നാലെ ഇബുൾ ജെറ്റും ആരാധാകരും ലൈവ് വീഡിയോ ഇട്ട് കണ്ണൂരിലെ ആർടിഒ ഓഫീസിലെത്തി പ്രതിഷേധിച്ചു. എന്നാൽ ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പഴയ പടിയാക്കാതേയും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ആർടിഒ സ്വീകരിച്ചത്. ഈ നിർദേശം അംഗീകരിക്കാൻ ഇബുൾ ജെറ്റ് സഹോദരങ്ങൾ വിസമ്മതിച്ചതോടെ ആർടിഒ ഓഫീസിൽ പിന്നീട് വലിയ സംഘർമാണ് അരങ്ങേറിയത്. ഒടുവിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസിൽ അതിക്രമിച്ച് കയറിയതും അടക്കം വിവിധ കേസുകൾ പ്രകാരം ഇബുൾ ജെറ്റ് സഹോദരങ്ങൾ അകത്തായി.സ്റ്റിക്കർ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുൾജെറ്റ് സഹോദന്മാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

അതേസമയം ഒരു സിനിമ താരത്തിൻ്റെ കാരവാൻ വിലക്ക് വാങ്ങി അത് രൂപ മാറ്റം വരുത്തി നെപ്പോളിയൻ എന്ന പേരിൽ വീണ്ടും ഇറക്കാനാണ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ പുതിയ നീക്കം. വണ്ടിയുടെ പണി കൊച്ചിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഏതെങ്കിലും തരത്തിൽ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാൽ ഇവരെ വീണ്ടും പൂട്ടാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. 

Post a Comment

أحدث أقدم
Join Our Whats App Group