Join News @ Iritty Whats App Group

ഇനി കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടും;കശുമാങ്ങയിൽനിന്ന് മദ്യം: 'കണ്ണൂർ ഫെനി' ഡിസംബറോടെ; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി


കണ്ണൂര്‍: കശുമാങ്ങാനീര് വാറ്റി മദ്യം (Feni) ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30നാണ് ഉത്തരവ് ലഭിച്ചത്. കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

പഴങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ സംസ്ഥാന ബജറ്റിലുമുണ്ടായിരുന്നു. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല.

കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഫെനി ഉത്പാദിപ്പിച്ചാല്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ലിറ്റര്‍ ഫെനി ഉണ്ടാക്കാന്‍ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപറേഷന് വില്‍ക്കും. കോർപറേഷന് ഇത് 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിര്‍ദേശം.

കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാര്‍ക്ക് വലിയ നേട്ടമാകുമെന്ന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി 'മാതൃഭൂമി'യോട് പറഞ്ഞു. 1991 ല്‍ പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. 2016 ല്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്..

Post a Comment

أحدث أقدم
Join Our Whats App Group