യൂട്യൂബ് വീഡിയോ കണ്ട് മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്.
സൊസൈറ്റി ജീവനക്കാരൻ അനൂപ് ഏഴു മണിയോടെ കടയിൽപോയി വന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ ചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق