Join News @ Iritty Whats App Group

ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പതിനാല് വയസ്സോളം പ്രായമുള്ള പിടിയാനയെയാണ് ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആറളം ഫാം കാർഷികമേഖലയിലെ മൂന്നാം ബ്ലോക്കിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫാമിനെ അതിരിടുന്ന കക്കുവപുഴക്ക് അക്കരെയുള്ള കൊക്കോട് നിവാസികളാണ് ആനയുടെ ജഡം ആദ്യം കാണുന്നത്. ആനകൾ കുറച്ചു ദിവസമായി സ്ഥിരമായി ശബ്ദം പുറപ്പെടുവിക്കുന്നതിനെ തുടർന്ന് ഇവർ വന്ന് നോക്കുകയായിരുന്നു. 
തുടർന്ന് കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജഡത്തിന് 5 ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കാട്ടാനശല്യമുള്ള മേഖലയായതിനാൽ മറ്റു നടപടികളെല്ലാം വനപാലകസംഘം ഞായറാഴ്ചത്തേക്കു മാറ്റി വെച്ചു . ഫോറസ്റ്റ് സർജ്ജന്റെ നേതൃത്വത്തിൻ ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംഭവ സ്ഥലത്ത് തന്നെ ജഡം സംസ്കരിക്കുമെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു.
 ഫാമിലും, പുനരധിവാസ മേഖലയിലും ആനയുടെ ശല്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ വാർത്ത ശേഖരിക്കാൻ പോകുന്നതിനിടയിൽ ഒന്നാം ബ്ലോക്കിൽ മൂന്ന് ആനകൾ പാലപ്പുഴ - കീഴ്പള്ളി റോഡരികിൽ നിലയുറപ്പിച്ചതിനാൽ ഏറെ നേരം കഴിഞ്ഞാണ് വനപാലകർ ഉൾപ്പെടെയുള്ളവർക്ക് സംഭവ സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ ആറളം പാലത്തിന് സമീപം വരെയെത്തിയ രണ്ട് കാട്ടാനകളെ ഏഴു മണിക്കൂറിന് ശേഷം ഏറെ സാഹസപ്പെട്ടാണ് വനപാലകസംഘം ഫാമിലേക്ക് തുരത്തി വിട്ടത്. അതേസമയം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ ഒരാഴ്ചയിലധികമായി ആനകളെ തുരത്താനുള്ള വനപാലകരുടെ ശ്രമം ഇനിയും ഫലം കണ്ടിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group