Join News @ Iritty Whats App Group

ജോര്‍ജിനെ എ.ആര്‍ ക്യാംപിലെത്തിച്ചു; ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതില്‍ പരാതിക്കാരി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന് ജോര്‍ജ്

തിരുവനന്തപുരം: പീഡന കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ എ.ആര്‍ ക്യാംപിലെത്തിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ജോര്‍ജ് അറസ്റ്റിലായത്. തുടര്‍ന്ന് അഭിഭാഷകനെ അറിയിച്ച് എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കി. ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഈ ഒരു കേസുകൊണ്ട് പിണറായി വിജയന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഗൂഢാലോചന കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രാവിലെ 11 മണിയോടെയാണ് ഇത്തരമൊരു കേസിനെ കുറിച്ച് പറയുന്നത്. വളരെ സന്തോഷപൂര്‍വ്വം പോലീസിനൊപ്പം പോകുന്നു. മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്നുതന്നെ ഹാജരാക്കുമെന്ന് പറയുന്നു. എന്തായാലും റിമാന്‍ഡിലാകും. സത്യം തെളിയുമെന്നും ജോര്‍ജ് പറഞ്ഞു.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐയ്ക്ക് മുന്നില്‍ കള്ളമൊഴി നല്‍കാത്തതില്‍ പരാതിക്കാരി വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ജോര്‍ജ് പറഞ്ഞു. ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ജോര്‍ജിനെ എ.ആര്‍ ക്യാംപിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരും പി.സി ജോര്‍ജുമായി ബഹളമുണ്ടായി. എന്തുകൊണ്ടാണ് പരാതിക്കാരിയുടെ പേര് പറയുന്നതെന്ന് ഒരു വനിതാ മാധ്യമപ്രവര്‍ത്തക ആരാഞ്ഞപ്പോള്‍ വളരെ ക്രുദ്ധനായ ജോര്‍ജ്, 'പിന്നെ നിങ്ങളുടെ പേര് പറയണോ' എന്ന് പറഞ്ഞു. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ജോര്‍ജ് തയ്യാറാകാതെ വന്നതോടെ ബഹളമായി. ഇതോടെ പോലീസ് ഇടപെട്ട് ജോര്‍ജിനെ പിന്നോട്ടുമാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group