എകെജി സെന്ററിനു നേരെ ആക്രമണം നടത്തി ഒരാഴ്ച്ച ആയിട്ടും അന്വേഷണം പെരുവഴിയിൽ. സിസിടിവി ദൃശ്യങ്ങൾ വിട്ട് സ്‌കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എറിഞ്ഞത് സ്ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് സിപിഐഎമ്മിന് തിരിച്ചടിയായി.
പ്രത്യേക സംഘം പലവഴിക്ക് അന്വേഷിച്ചിട്ടും അക്രമി കാണാമറയത്താണ്. ആഭ്യന്തര വകുപ്പിനും, പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. സിസിടിവി ദൃശ്യങ്ങളിൽ പ്രതീക്ഷ അവസാനിച്ചതോടെ അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ മോഡൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സമാന മോഡൽ സ്കൂട്ടറിൽ അന്നേ ദിവസം എകെജി സെന്റർ പരിസരത്ത് വന്നവരെയെല്ലാം കണ്ടെത്തുകയാണ് പൊലീസ് നടത്തുന്നത്. എന്നാൽ അതും പാതിവഴിക്കാണ്.
നടന്നത് ബോംബാക്രമണമെന്ന ഇടത് നേതാക്കളുടെ അവകാശ വാദം ഇന്നലെ പൊളിഞ്ഞു. വലിയ ശബ്ദമോ, നാശമോ വിതയ്ക്കാൻ സാധിക്കാത്ത ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നു. വീര്യം കൂട്ടുന്ന രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്നെ അന്വേഷണത്തിൽ സാവകാശം കൊടുത്തതിനാൽ അന്വേഷണം കൃത്യമായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം.
إرسال تعليق