Join News @ Iritty Whats App Group

റേഷന്‍ കടകൾ കെ സ്റ്റോറുകളാകുന്നു; അക്ഷയ സെന്ററുകള്‍ മുതൽ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും

കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്.

കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകളുമുള്ള പഴയ റേഷൻകട സെറ്റപ്പ് അപ്രത്യക്ഷമാവും. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group