ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
സമാന രീതീയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. സംസ്ഥാനം വിടരുത് എന്നിങ്ങനെയാണ് ഉപാധികള്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസര്‍, കുട്ടിയുടെ പിതാവ് എന്നിവരുള്‍പ്പെടെ 31 പേരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ മെയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പോപ്പുലര്‍ ഫണ്ട് റാലിക്കിടെ ഒരുപ്രവര്‍ത്തകന്‍ തോളിലേറ്റിയ ചെറിയ കുട്ടി പ്രകോപന മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തോളിലേറ്റിയ ആളും പിതാവും മുദ്രാവാക്യം ഏറ്റുവിളിച്ചവരുമുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും സമ്മേളനത്തില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വിശദീകരിച്ചത്.’റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ’ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയിലാണ് പ്രകോപന മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു
إرسال تعليق