ഇരിട്ടി : ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ഒരാഴ്ചക്കുള്ളിൽ ആനകൾ തകർത്തത് പുനരധിവാസമേഖലയിലെ ആദിവാസികളുടെ മൂന്ന് വീടുകളും അഞ്ച് കുടിലുകളും. ഇവരുടെ ഉപജീവനമാർഗ്ഗമായ തെങ്ങ്, പ്ലാവ്, വാഴ തുടങ്ങിയ കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു. ബ്ലോക്ക് ഒമ്പതിൽ എ .കെ. തങ്കമ്മ, ശ്രീജ ഗോപാലൻ എന്നിവരുടെ കുടിലുകളും, ബ്ലോക്ക് ഏഴിൽ മൂന്ന് വീടുകളോട് ചേർന്ന് നിർമ്മിച്ച ഷെഡുകളും ആനകൾ തകർത്തു. കഴിഞ്ഞയാഴ്‌ച ഏഴാം ബ്ലോക്കിലെ സ്വപ്‌ന, രമണി, രാജു എന്നിവരുടെ വീടുകളും ആനകൾ തകർത്തിരുന്നു.
ആരോട് പറഞ്ഞിട്ടും പരിഹാരമില്ലാത്ത അവസ്ഥയിൽ എല്ലാം കണ്ടും സഹിച്ചും ജീവിക്കുകയാണ് ഇവിടെ ആദിവാസികൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി ആദിവാസി സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് കാട്ടാനക്കൂട്ടം. പകൽ നേരത്തും ജനവാസ മേഖലയിലുണ്ടാകുന്ന കാട്ടാനകളുടെ സാനിധ്യം ഏറെ ഭീതി സൃഷ്ടിക്കുകയാണ്. സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കുന്നതും ഭീതിയോടെയാണ്.
إرسال تعليق