മലപ്പുറം പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം.
ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിലില്‍ ആനമങ്ങാടിനടുത്ത ബേക്കറിയില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.
إرسال تعليق