രാജ്യത്ത് മരുന്നുകളുടെ വിലകുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അര്‍ബുദം, പ്രമേഹം എന്നിവയടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വിലയാണ് കുറയ്ക്കുക. വില എഴുപത്് ശതമാനം വരെ കുറയ്ക്കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച് ഓഗസ്റ്റ് 15 സ്വാതന്ത്രദിനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചില മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മരുന്ന് കമ്പനികളുടെ യോഗം വിളിച്ച ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം. ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ 12 ശതമാനമാണ് ജി.എസ്.ടി. ഇത് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മരുന്നുകളുടെ വിലയില്‍ നല്ലമാറ്റമുണ്ടാകും.
അതോടൊപ്പം അവശ്യ മരുന്നുകളുടെ വില നിലവാര പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 40000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂട്ടിയിരുന്നു. പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് വില കൂടിയത്.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കാറുള്ള അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ എന്നീ മരുന്നുകളുടെ വിലയും വര്‍ദ്ധിച്ചിരുന്നു.
إرسال تعليق