തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മരണങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 13 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. മെയ്, ജൂണ മാസങ്ങളിലായി പത്ത് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രിൽ 10 വരെ മൂന്നു പേർ മരിച്ചു. ജൂൺ മാസത്തിൽ മൂന്നുപേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ചില മരണങ്ങൾ പേവിഷബാധ വിരുദ്ധ വാക്സിൻ എടുത്ത ശേഷമാണെന്നതാണ് സ്ഥിതിഗതികൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്ത ശേഷമാണ് ശ്രീലക്ഷ്മിയുടെ മരണമെന്നത് വിവാദമായിട്ടുണ്ട്. വാക്സിന്‍റെ കാര്യക്ഷമതയും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ പേവിഷബാധയ്ക്കെതിരെ നൽകിവരുന്ന വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് വിദഗ്ര്‍ അഭിപ്രായപ്പെടുന്നത്. വാക്സിന്‍ സ്റ്റോറേജ്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയെക്കുറിച്ച് വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വാക്സിനെടുത്താലും പ്രതിരോധം ഉണ്ടാകാൻ ഒരാഴ്ച്ച വരെ സമയമെടുക്കും. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ എല്ലാ ആശുപത്രികളും നല്‍കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച സമയം എടുക്കുമെന്നതിനാൽ വൈറസിനെ നിഷ്ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്. ഇവ എല്ലാ ആശുപത്രികളും നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
പേവിഷബാധയ്ക്കെതിരായ ഇഞ്ചക്ഷൻ നേരത്തെ വയറിന് ചുറ്റുമായാണ് എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുറിവിൽ ഉൾപ്പടെ നാല് ഘട്ടമായാണ് ഇപ്പോൾ ഇഞ്ചക്ഷൻ നൽകുന്നത്. കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പ് ഏറെ സൂക്ഷ്മതയോടെ എടുക്കേണ്ടതാണ്. മുറിവിലെ വൈറസുകളെ നിർവീര്യമാക്കാൻ ഈ കുത്തിവെപ്പിന് ഏറെക്കുറെ സാധിക്കും.
إرسال تعليق