Join News @ Iritty Whats App Group

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം, ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വ‍ര്‍ധിപ്പിക്കും,


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും. 

ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷൻ നൽകി ആഗസ്റ്റ് 17-ന് പ്ലസ് വണ്‍ ക്ലാസ്സുകൾ തുടങ്ങാനാവും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. പ്ലസ് വണ്‍ അഡ്മിഷന് മുന്നോടിയായി ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം കൂട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകൾ വ‍ര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പാക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി വർധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പാക്കും.

പ്ലസ് വണ്‍ പ്രവേശനത്തിൻ്റെ മറ്റു വിവരങ്ങൾ 

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും. ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

പ്രധാന മാറ്റങ്ങൾ

അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു.

1.    നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
2.    ഓരോ വിദ്യാർത്ഥിയുടേയും W G P A (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. WGPA സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. WGPA  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
3.    ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി 
എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),
യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
4.    മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
5.    മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
6.    തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.

7.    തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. 
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
8.    കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
9.    മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
10.   കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി


പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.


ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്. ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.


അവ ഇനി പറയുന്നവയാണ് 

1. ലാബ് ടെക്‌നീഷ്യൻ - റിസർച്ച് & ക്വാളിറ്റി കണ്ട്രോൾ 

2. ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ 

3. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് 


ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. (www.admission.dge@kerala.gov.in)


2022-23 അദ്ധ്യയനവർഷത്തെ 6-ാം പ്രവൃത്തിദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയനവർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. 

കൂടാതെ കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന കുട്ടികൾക്കു പുറമെ, പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, സർക്കാർ എയ്ഡഡ്) 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നു ചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയിട്ടുള്ളത്. ഇത്തരത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24 % കുട്ടികൾ അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വന്നവരും ശേഷിക്കുന്ന 76 % പേർ മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നുള്ളവരുമാണ്. 

സംസ്ഥാന തലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് 5-ാം ക്ലാസിലും (32,545) തുടർന്ന് 8-ാം ക്ലാസിലുമാണ് (28,791) . അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ കുട്ടികളുടെ എണ്ണം, കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ക്ലാസുകളിലും കുട്ടികളുടെ കുറവ് രേഖപ്പെടുത്തുന്നു. 

ഈ അധ്യയനവർഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ 1, 4, 10 ക്ലാസുകൾ ഒഴികെയും സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ 1, 4, 7, 10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസുകളിലും  വർദ്ധനവാണുള്ളത്. 

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം (20 %) ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ (2 %) പത്തനംതിട്ട  ജില്ലയിലുമാണ്.  

ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്  ഒഴികെ എല്ലാ ജില്ലകളിലും വർദ്ധനയാണ് ഉള്ളത്. എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു.  

2022-23 അധ്യയനവർഷം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8 % ഉം 1.8 % ഉം ആണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 57 % (21,83,908) പേർ ദാരിദ്ര്യ     രേഖക്ക് മുകളിലുള്ളവരും 43 % (16,48,487) പേർ ദാരിദ്ര്യ രേഖക്ക് 
താഴെയുള്ളവരുമാണ്.

Post a Comment

أحدث أقدم
Join Our Whats App Group