ഗുജറാത്തില്‍ പ്രഭാതനടത്തത്തിനിടെ യുവാവ് ട്രക്കിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വെറുമൊരു വാഹനാപകടമെന്ന് കരുതിയ അപകടം വാടകക്കൊലയാളിയെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കാമുകനും അറസ്റ്റിലായി. അപകടം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് അറസ്റ്റ്. വാടകക്കൊലയാളിക്ക് 10 ലക്ഷം രൂപ നല്‍കി ഭാര്യയും കാമുകനുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടര വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതി തങ്ങളുടെ ബന്ധത്തിന് തടസ്സമായ ഭര്‍ത്താവിനെ കൊല്ലാന്‍ ആസൂത്രിത പദ്ധതി ഒരുക്കിയതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
അഹമ്മദാബാദിലാണ് നാടകീയ സംഭവം നടന്നത്. ജൂണ്‍ 24-നാണ് വസ്ത്രാലിലെ ഗ്യാലക്‌സി കോറല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന 43 -കാരനായ ശൈലേഷ് പ്രജാപതി വാഹനാപകടത്തില്‍ മരിച്ചത്. പ്രഭാതനടത്തത്തിനിടെ, തനിക്കുനേരെ പാഞ്ഞു വന്ന ട്രക്കിടിച്ചാണ് ഇയാള്‍ മരിച്ചത്. വാഹനം നിര്‍ത്താതെ കടന്നുപോയതിനാല്‍, പ്രതികളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്, വാഹനാപകടം എന്ന നിലയില്‍ പൊലീസ് കേസ് എടുത്തു.
അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. റോഡിലൂടെ വന്ന ട്രക്ക് പാഞ്ഞുചെന്ന് റോഡില്‍നിന്നും മാറിനടക്കുകയായിരുന്ന യുവാവിനെ ഇടിച്ചുവീഴ്ത്തി പാഞ്ഞുപോവുന്ന ദൃശ്യങ്ങളാണ് വൈറലായത്. സംഭവം കൊലപാതകമാണെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നു. തുടര്‍ന്ന് കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുത്തു. ഇതിനെ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കു ശേഷം കേസില്‍ അറസ്റ്റ് ഉണ്ടാവുന്നത്.
ഇന്നലെയാണ് കൊല്ലപ്പെട്ട ശൈലേഷ് പ്രജാപതിയുടെ ഭാര്യ ശാരദ എന്ന സ്വാതി (41), സുഹൃത്ത് നിതിന്‍ പ്രജാപതി (46) എന്നിവര്‍ അറസ്റ്റിലായത്. വീടിനടുത്ത് താമസിക്കുന്ന നിതിനുമായി സ്വാതി രണ്ടര വര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് കണ്ടെത്തി. തങ്ങളുടെ ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാവുമെന്ന് കണ്ട് ഇരുവരും ചേര്‍ന്ന് ശൈലേഷിനെ കൊലപ്പെടുത്താന്‍ പദ്ധതി ഇടുകയായിരുന്നുെവന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
താനാണ് കൊല നടത്തുന്നതിനായി വാടകക്കൊലയാളിയെ കണ്ടെത്തിയതെന്ന് നിതിന്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഗോംതിപൂര്‍ സ്വദേശിയായ യാസിന്‍ എന്ന കാനിയോയെയാണ് കൊലപാതകം നടത്തുന്നതിനായി ഇവര്‍ ചുമതലപ്പെടുത്തിയത്. വാടകക്കൊലയാളിയായ ഇയാള്‍ക്ക് സ്വാതി കൊല നടത്തുന്നതിനായി 10 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കി. ഭര്‍ത്താവിന്റെ ഫോട്ടോയും ഇവര്‍ ഇതിനായി കൊലയാളിക്ക് കൈമാറി. അതോടൊപ്പം ഇയാള്‍ പ്രഭാതനടത്തത്തിന് പോവുന്നതിന്റെ വിശദാംശങ്ങളും നല്‍കി. കൊല നടന്ന ദിവസം ഭര്‍ത്താവ് പ്രഭാത നടത്തത്തിനായി പുറത്തേക്ക് ഇറങ്ങിയതായി ഇവര്‍ കൊലയാളിയായ യാസിനെ അറിയിക്കുകയും ചെയ്തു.
അതിനെ തുടര്‍ന്നാണ്, റോഡില്‍നിന്നും മാറി നടന്നു പോവുകയായിരുന്ന ശൈലേഷിനു നേര്‍ക്ക് ഇയാള്‍ വെളുത്ത നിറത്തിലുള്ള ട്രക്ക് അതിവേഗം ഒാടിച്ചുകയറ്റിയത്. തുടര്‍ന്ന്, ശൈലേഷ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഭാര്യയുടെയും കാമുകന്റെയും അടക്കം സാന്നിധ്യത്തിലാണ് ഇയാളുടെ മരണാനന്തര കര്‍മങ്ങള്‍ നടത്തിയത്. ഭര്‍ത്താവിന് ശത്രുക്കളൊന്നും ഇല്ലെന്ന് പൊലീസിന് സ്വാതി മൊഴി നല്‍കുകയും ചെയ്തു.
പൊലീസ് തുടക്കത്തില്‍, അപകടകരമായ ഡ്രൈവിംഗിനാണ് കേസ് എടുത്തത്. പിന്നീട്, വീഡിയോ പുറത്തുവന്നപ്പോഴാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് അവര്‍ എത്തിയതും അന്വേഷണം ആരംഭിച്ചതും. യാസിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ രണ്ടു പേര്‍ സഹായിച്ചതായും പൊലീസ് പറയുന്നു.
إرسال تعليق