Join News @ Iritty Whats App Group

ഹോട്ടൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ്; കണ്ണൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കാഞ്ഞങ്ങാട്‌ ഹോട്ടല്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നവരാണ് പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേനെവേഷം മാറി ഹോട്ടലിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. നോട്ടിരട്ടിപ്പിന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്‍പ്പെടെ പിടിച്ചെടുത്തു.
കാഞ്ഞങ്ങാട്ട് ഹോട്ടല്‍ മുറിയില്‍ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.

നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. 500 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ പകർത്തിയെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്.

പതിനായിരം രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ നോട്ടുകളുണ്ടാക്കി തരാമെന്ന് വേഷം മാറിയെത്തിയ പോലിസുദ്യോഗസ്ഥരോട് പ്രതികള്‍ അറിയിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതികളെ ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കളും കടലാസുകളും ഉൾപ്പെടെ കണ്ടെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group