മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. നട്ടെല്ലിനാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്.
കൊട്ടാരക്കരയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്നു സതീഷ്. പാലക്കാട് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിലെ യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്. വേഗത്തിലെത്തി ഹംപ് ചാടിയതോടെ ബസ് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ഈ സമയത്ത് ഉറക്കത്തിലായിരുന്ന സതീഷ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു.
വേദനയില്‍ സതീഷ് ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു.
إرسال تعليق