മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുന്നത്. പ്രതിഷേധിച്ച മറ്റു രണ്ടുപേരെ വിമാനത്താവളത്തില്‍ വെച്ചുതന്നെ പിടികൂടിയിരുന്നു.
അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചന ഉള്‍പ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
തെളിവുശേഖരിക്കുന്നതിനായി അന്വേഷണ സംഘം പ്രതിഷേധം നടന്ന വിമാനം നേരിട്ട് പരിശോധിക്കും. അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്.
വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസ്. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികള്‍ വിമാനം തിരഞ്ഞെടുത്തത്. ഒന്നാം പ്രതി 13 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം കേസ് വ്യാജമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
إرسال تعليق