ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന ഇരിട്ടി ബ്ലോക്ക് ആരോഗ്യമേള യോടനുബന്ധിച്ചുള്ള വിളംബര ജാഥ ഇരിട്ടിയിൽ നടന്നു. ഇരിട്ടി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച വിളംബരജാഥ നഗരം ചുറ്റി പഴയസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും നടന്നു. വിളംബരജാഥ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ബ്ലോക്ക് പഞ്ചായത്തുകളിലേയും, ഗ്രാമപഞ്ചായത്തുകളിലെയും ജന പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ വിളംബരജാഥയിൽ പങ്കെടുത്തു.
ആരോഗ്യമേള പായം കല്ലുമുട്ടിയിലെ തിയേറ്റർ കോംപ്ലക്സിൽ വെച്ച് ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാർ, ജിവിത ശൈലി രോഗനിർണ്ണയ ക്ലാസ്, നേത്ര - ദന്തൽ പരിശോധന, തദ്ദേശിയ ഉൽപന്ന വിതരണം, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടാകും.
إرسال تعليق