മുംബൈ: ശിവസേനയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി വിമത നേതാവ് ഏകനാഥ് ശിൻഡേ. ശിവസേന ബാലസാഹേബ് എന്ന പേരിൽ പുതിയ ഗ്രൂപ്പായി മാറാൻ വിമത യോഗത്തിൽ തീരുമാനിച്ചു. ശിവസേനയെന്നോ ബാലാസാഹേബ് എന്നോ പേര് ഉപയോഗിക്കാനുള്ള അവകാശം മറ്റാർക്കുമില്ലെന്ന് ശിവസേനാ ഔദ്യോഗിക പക്ഷം പ്രമേയം പാസാക്കി.അതേസമയം മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ വിമത എംഎൽഎമാരുടെ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.താനെയിലും മുംബൈയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നാണ് വിമത എംഎൽഎമാർ പറയുന്നത്, ഡെപ്യുട്ടി സ്പീക്കർക്ക് തങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും വിമത എംഎൽഎ ദീപക് സർക്കർ പറഞ്ഞു. ശിവസേന വിടുമെന്ന പ്രചാരണം തെറ്റാണെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള തങ്ങൾ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തുവെന്നും മറുപക്ഷത്ത് 17 എംഎൽഎമാരിൽ കൂടുതൽ ഇല്ലെന്നും വിമത എംഎൽഎമാര്‍ വാദിക്കുന്നു.
ബിജെപിയുമായി ലയിക്കുമെന്ന വാദവും വിമത എംഎൽഎമാര്‍ തള്ളിക്കളയുകയാണ്. ഒരു പാർട്ടിയുമായും ലയിക്കില്ല, ബിജെപി അല്ല ഞങ്ങളുടെ ചിലവ് വഹിക്കുന്നത്, ഷിൻഡെ വിളിച്ചിട്ടണ് എല്ലാവരും വന്നത്, ഹോട്ടൽ ചിലവോക്കെ ഞങൾ തന്നെ കൊടുക്കും - ദീപക് സർക്കർ വ്യക്തമാക്കി.
അംഗബലം കൊണ്ട് യഥാർഥ ശിവസേനയെന്ന് അവകാശ വാദമുന്നയിച്ചിരുന്ന ശിൻഡേ ക്യാമ്പാണ് ഇന്ന് പുതിയ പാർട്ടിയുണ്ടാക്കുമെന്ന് സൂചന നൽകിയത്. ബാൽതാക്കറെയുടെ ജനപ്രീതി ഉപയോഗപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ശിവസേന ബാലാസാഹേബ് എന്ന പേര് സ്വീകരിക്കുന്നത്. ശിവസേനാ ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച ഉദ്ദവ് നീക്കത്തിനെതിരെ പ്രമേയം പാസാക്കി. വിമതർ അവരുടെ സ്വന്തം പിതാവിന്‍റെ പേരിൽ പാർട്ടിയുണ്ടാക്കട്ടെ എന്നായിരുന്നു യോഗത്തിൽ ഉദ്ദവിന്‍റെ പ്രതികരണം. അതിനിടെ ശിവസേനാ വിമതരുടെ ഓഫീസുകൾക്കെതിരെ പാർട്ടി പ്രവർത്തകർ പലയിടത്തും ആക്രമം അഴിച്ച് വിട്ടു.
പൂനെയിൽ വിമത എംഎൽഎ തനാജി സാവന്ദിന്‍റെ ഓഫീസ് കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വിമതരുടെ അനുഭവം ഇതായിരിക്കുമെന്ന് പൂനെ ശിവസേനാ അധ്യക്ഷൻ പറഞ്ഞു. അക്രമസംഭവങ്ങൾ ഏറിയതോടെ പൊലീസിന് സര്‍ക്കാര്‍ അതിജാഗ്രതാ നിർദ്ദേശം നൽകി. മുംബൈയിലും താനെയിലും പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. അതേസമയം വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ സർക്കാർ പ്രതികാര ബുദ്ധിയോടെ റദ്ദാക്കിയെന്ന് കാണിച്ച് ഏക്‍നാഥ് ശിൻഡേ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതി. എന്നാൽ അങ്ങനെ ആരുടേയും സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു.
إرسال تعليق