Join News @ Iritty Whats App Group

‘മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും, ബിജെപി നീക്കം വിജയിക്കില്ല’; ശരദ് പവാർ

മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്രയിലെ ബിജെപി നീക്കം വിജയിക്കില്ലെന്നും ഭരണം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രി മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തും, വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായുള്ള ചര്‍ച്ചയില്‍ വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പവാര്‍ പറഞ്ഞു.

ഇത് ആദ്യമായല്ല ബിജെപി മഹാ വികാസ് അഘാഡി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മുൻപ് മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന എകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയുടെ എല്ലാം അംഗങ്ങളും ഒന്നിച്ചുനില്‍ക്കുമെന്നും ശിവസേനയില്‍ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു.

മറുഭാഗത്ത് ഗുജറാത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി ഹോട്ടലില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദ്ധാനം ചെയ്തതായാണ് വിവരം. ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവസേന നീക്കം ഊര്‍ജ്ജിതമാക്കി. ഷിന്‍ഡെയ്ക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 35 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.

ചില സ്വതന്ത്ര എംഎല്‍എമാരേയും സൂറത്തിലേക്ക് മാറ്റിയതായാണ് വിവരം. വിമത നീക്കങ്ങള്‍ക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡ്‌നാവിസ് ഡല്‍ഹിയിലെത്തി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group