കോഴിക്കോട്: മാവൂര്‍റോഡിലെ മാളില്‍ പട്ടാപ്പകല്‍ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.
കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി മലപ്പുറം പറമ്ബില്‍പീടിക ഭാഗങ്ങളില്‍ വാടകക്ക് താമസിക്കുന്ന നവാസ് കെ പി (45), കണ്ണൂര്‍മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്ബില്‍ (43), ആലപ്പുഴ ചുങ്കംവാര്‍ഡില്‍ കരുമാടിപ്പറമ്ബ് കെ എന്‍ സുഭാഷ് കുമാര്‍ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസര്‍ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലില്‍ നിന്നും പിടിയിലായത്. മറ്റൊരു പ്രതിയായ കണ്ണൂര്‍ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവ ദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു.കോഴിക്കോട് ഡി സി പി ആമോസ് മാമന്‍റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് എ സി പി ജോണ്‍സണ്‍ എ ജെയുടെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും നടക്കാവ് ഇന്‍സ്പെക്ടര്‍ അലവിയുടെ നേതൃത്വത്തില്‍ എസ് ഐ മനോജും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഒരു കിലോ സ്വര്‍ണ്ണം വെറും പത്തുലക്ഷം അഡ്വാന്‍സ് നല്‍കി ബാക്കിതുക എഗ്രിമെന്‍റ് തയ്യാറാക്കി ഘട്ടം ഘട്ടമായി നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളില്‍ വിളിച്ചു വരുത്തി 'ഡീലിങ്ങ്' നടത്തുകയാണ് ഇവരുടെ തട്ടിപ്പ് രീതി. സംഘത്തില്‍പ്പെട്ട നാലഞ്ചുപേരില്‍ ഒരാള്‍ സി ഐ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവര്‍ പൊലീസ് ആയും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയാറാണ് പതിവ്. പിടിക്കപ്പെട്ടാല്‍ ആക്രമിച്ച് പണം കവരുകയും ചെയ്യും. പൊലീസിന്റെ വേഷവിധാനവും, ശരീരഭാഷയും, സംഘാംഗങ്ങളെപോലും പരാതിക്കാരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കുന്ന രീതിയും ആര്‍ക്കും ഒരുതരത്തിലുമുള്ള സംശയം തോന്നാത്ത വിധത്തിലുള്ള അഭിനയവുമാണ് ഇവരുടെ പ്രത്യേകത.
കഴിഞ്ഞമാസം പതിനാറാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാര്‍ക്ക് സംശയം തോന്നി യഥാര്‍ത്ഥ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തില്‍ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്. പ്രതികളില്‍പ്പെട്ട ഷാജിദ് മാളിന്‍റെ ആറാം നിലയിലെ റൂമിന്‍റെ ബാത്ത്റൂമിലെ വിന്‍ഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികള്‍ വളാഞ്ചേരിയില്‍ ഒരുമിച്ചുകൂടുകയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ഓഫ്ചെയ്ത് പലസ്ഥലങ്ങളിലേക്ക് ഒളിവില്‍ പോകാന്‍ തീരുമാനിക്കുകയുംചെയ്തു.
എറണാകുളം, തിരുവനന്തപുരം, കോയമ്ബത്തൂര്‍, ചെന്നൈ, തുടങ്ങിയ സ്ഥലങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ആര്‍ഭാഢ ജീവിതം നയിച്ചു വരവെ ജൂണ്‍ മൂന്നാം തിയ്യതിയിലെ സുഭാഷിന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ആഘോഷത്തിന് തയ്യാറെടുക്കവെയാണ് ബര്‍ത്ത് ഡേ സര്‍പ്രൈസ് ആയി പൊലീസ് എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഘാംഗങ്ങള്‍ ഒരുമിച്ച് ഒരു 'ഓപ്പറേഷന്‍' നടത്തി പല ഭാഗത്തേക്ക് 'തെറിക്കുകയും' അടുത്ത ഓപ്പറേഷന് തയ്യാറാവുമ്ബോള്‍ ഒന്നിച്ചു കൂടുകയുംചെയ്യുന്നതാണ് രീതി. വ്യാജപേരുകളിലും, വ്യാജ മൊബൈല്‍നമ്ബര്‍, വ്യാജനമ്ബര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. ഓപ്പറേഷന്‍ വിജയിച്ചു കഴിഞ്ഞാല്‍ സിം നശിപ്പിച്ചു കളയും. വ്യാജ രേഖകള്‍ ഉപയോഗിച്ചായിരിക്കും റൂം എടുക്കുക. ഈ സംഭവം നടന്നമാളില്‍ തമിഴ്നാട് സ്വദേശിയുടെ ഐ ഡി പ്രൂഫിന്‍റെ കോപ്പിയാണ് നല്‍കിയത്. അങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഒരു തെളിവും അവശേഷിപ്പിക്കാത്ത രീതിയില്‍ നടത്തുന്ന ഓപ്പറേഷന്‍ ആയതിനാല്‍ പലര്‍ക്കും പരാതി നല്‍കാന്‍ സാധിക്കാറില്ല. പരാതി നല്‍കിയാല്‍ തന്നെ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍സാധിക്കാറില്ല.
എന്നാല്‍ പൊലീസ് ചമഞ്ഞ് നടത്തിയ ഓപ്പറേഷന്‍ ആയതിനാല്‍ ഡി സി പി ആമോസ് മാമന്‍റെ മേല്‍നോട്ടത്തില്‍ നടക്കാവ് പൊലീസും, ഡാന്‍സാഫ് സ്ക്വാഡും അന്വേഷണം നടത്തിയാണ് മൂന്നാഴ്ചക്കുള്ളില്‍ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാന്‍ സാധിച്ചത്. പല ജില്ലകളിലുംപ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ഇവര്‍ക്ക് ഏജന്‍റുമാര്‍ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം നല്‍കുന്നവരെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവദിവസം വ്യാജ നമ്ബര്‍ ഘടിപ്പിച്ച് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാര്‍ത്ഥ ഉടമയെകുറിച്ച് പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, എസ് സി പി ഒമാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സി പി ഒ അര്‍ജുന്‍ അജിത്ത് നടക്കാവ്സ്റ്റേഷനിലെ എ എസ് ഐ വിജയന്‍, സി പി ഒ സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
إرسال تعليق