Join News @ Iritty Whats App Group

അഗ്നി പഥ് പ്രതിഷേധം; യുവാക്കള്‍ക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് സത്യാഗ്രഹം

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്ന്. ഡല്‍ഹിയില്‍ സത്യാഗ്രഹ സമരമാണ് എഐസിസിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്ന് മണിക്കാണ് സത്യാഗ്രഹസമരം. സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും.

പദ്ധതിക്കെതിരെ രാജ്യത്തെ യുവാക്കള്‍ പ്രതിഷേധത്തിലായതിനാല്‍ തന്റെ 52ാം ജന്മദിനമായ ഞായറാഴ്ച ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി എംപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്. അവര്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.

അതേസമയം, സൈന്യത്തില്‍ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി. പൊതുതാത്പര്യവും യുവാക്കളുടെ വികാരവും കണക്കിലെടുത്ത് പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആവശ്യം.

മൂന്ന് സായുധ സേനകളിലേക്കായി പതിനേഴര വയസ്സിനും 21 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നാല് വര്‍ഷത്തെ റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതി കേന്ദ്രം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. സായുധ സേനയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

Post a Comment

أحدث أقدم
Join Our Whats App Group