Join News @ Iritty Whats App Group

അക്രമസംഭവങ്ങള്‍ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും’; വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് പോലുള്ള അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് പരാമര്‍ശം. മുരിക്കാശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു വിവാദ പ്രസംഗം. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടത്. എസ്എഫ്‌ഐക്കാര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ധീരജിന്റെ ഗതിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെയും സി പി മാത്യു വിവാദപ്രസംഗം നടത്തിയിട്ടുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയായിരുന്നു പ്രസംഗം. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വരാന്‍ അവരെ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹം നേരത്തെ നടത്തിയ പ്രസംഗം.

ഈ വിവാദ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തിരുന്നു. രാജി ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരുന്നത്. രാജി ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രസംഗം.

വണ്ടിപ്പെരിയാറിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ബാര്‍ബേഴ്‌സ് അസോസിയേഷനും സി.പി.മാത്യുവിനെതിരെ രംഗത്ത് വന്നിരുന്നു. . ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇതിന് പിന്നാലെ ബാര്‍ബര്‍മാരെ അവഹേളിച്ച സി.പി.മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group