മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. വാർത്താസമ്മേളനത്തിനിടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. പുതിയ സർക്കാർ ഇന്ന് രാത്രി 7.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 2019 ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന എന്‍സിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഘാഡി സഖ്യസർക്കാർ ഇന്നലെയാണ് രാജിവെച്ചത്. സുപ്രീംകോടതി കൈവിട്ടതോടെ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് താക്കറെ രാജി വച്ചത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസും ഷിൻഡെയും ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
''2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്’’- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘‘ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി’’- ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.
إرسال تعليق