തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനെതിരെ എസ്.എഫ്ഐ ആക്രമണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി സ്ഥലങ്ങളിൽ സിപിഎമ്മിന്‍റെ ഫ്ലെക്സുകളും ബാനറുകളും നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്‍ററിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. എകെജി സെന്‍ററിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ (SFI) പ്രവർത്തകർ നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.
വയനാട്ടിൽ ആരംഭിച്ച പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഡൽഹിയിൽ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.
പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പാലക്കാട് ദേശീയ പാത ഉപരോധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ആലുവയിൽ യൂത്ത് കോൺഗ്രസ് KSU പ്രതിഷേധം നടന്നു. കോട്ടയത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. അതിനുശേഷം തിരുനക്കരയിൽ എം സി റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇതേ സമയം ക്ഷേത്രത്തിനു സമീപം സിപിഎം പ്രവർത്തകർ തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. സിപിഎം കോൺഗ്രസ് സംഘർഷം നടക്കുമ്പോൾ മതിയായ പൊലീസ് സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
إرسال تعليق